റിയാദ്: ഫുട്ബോൾ കരിയറിൽ തോൽവി അറിയാതെ 1000 മത്സരങ്ങൾ പൂർത്തിയാക്കി ചരിത്രം കുറിച്ച് പോർച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാൾഡോ. രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കും വേണ്ടി കളിച്ചാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ക്ലബ്ബായ പെർസിപൊളിസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ര് കീഴടക്കി. ഇതോടെയാണ് താരം റെക്കോഡ് ബുക്കിലിടം നേടിയത്. റൊണാൾഡോ ഇതുവരെ കരിയറിൽ 1216 മത്സരങ്ങൾ കളിച്ചു. ഇതിൽ 1000 മത്സരങ്ങളിൽ താരം കളിച്ച ടീം തോൽവിയറിഞ്ഞിട്ടില്ല. 776 മത്സരങ്ങളിൽ വിജയവും 224 മത്സരങ്ങളിൽ സമനിലയും സ്വന്തമാക്കി. 216 മത്സരങ്ങളിൽ തോൽവി വഴങ്ങി.
റയൽ മഡ്രിഡിനായാണ് റൊണാൾഡോ ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത്. സ്പാനിഷ് വമ്പന്മാർക്ക് വേണ്ടി താരം 438 മത്സരങ്ങൾ കളിച്ചു. മാഞ്ചെസ്റ്റർ യുണൈറ്റഡിനായി 346 മത്സരങ്ങൾ കളിച്ച താരം രാജ്യത്തിനായി 201 മത്സരങ്ങളിൽ ബൂട്ടുകെട്ടി. നിലവിൽ സൗദി ക്ലബ്ബായ അൽ നസ്റിനുവേണ്ടി കളിക്കുന്ന റൊണാൾഡോ ഉജ്ജ്വല ഫോമിലാണ്. നിലവിൽ ലീഗിൽ ഗോൾവേട്ടക്കാരിൽ താരം ഒന്നാമതാണ്. ഏഴ് ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അസിസ്റ്റുകളുടെ എണ്ണത്തിലും റൊണാൾഡോ തന്നെയാണ് മുന്നിൽ.