തിരുവനന്തപുരം: കേരളത്തിൻറെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം. തിരുവോണം ബമ്പറിന്റെ 25 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം.
ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയല്ല. കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. 66 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇന്നലെവരെ വിറ്റുപോയത്. അവസാന ദിനമായ ഇന്നും ടിക്കറ്റെടുക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷം ടിക്കറ്റുകളാണ് ഇന്ന് രാവിലെ 10 മണിക്കുള്ളിൽ വിറ്റുപോയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം വീതം പത്തുപേർക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേർക്ക് അഞ്ചാം സമ്മാനം ലഭിക്കും.
ഇത്തവണ 5,34,670 പേർക്ക് സമ്മാനം നൽകും. കഴിഞ്ഞവർഷത്തേക്കാൾ 1,36,759 പേർ കൂടുതലാണിത്.
ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസികൾ പറയുന്നു.