കണ്ണൂർ: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിനുള്ള രണ്ടാം വന്ദേഭാരതടക്കം ഒൻപത് വന്ദേഭാരത് വണ്ടികളുടെ ഉദ്ഘാടനം അന്ന് നടക്കും. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഉച്ചയ്ക്ക് 2.40 ഓടെയാണ് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഇത് തിരുവനന്തപുരത്ത് എത്തിച്ചേരും. കളർമാറ്റം വരുത്തി ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.
കാസർകോട്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരത് സർവീസ് നടത്തുക.രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെട്ട് വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. 4.05-ന് തിരിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 11.55-ന് കാസർകോട്ട് എത്തുന്നതാണ് പ്രാഥമിക സമയക്രമം.ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.