ന്യൂഡൽഹി: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് അവിടുത്തെ ഇന്ത്യൻ പൗരൻമാരോടും വിദ്യാർഥികളോടും അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാൻ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. കാനഡയിലെ ഇന്ത്യൻ പൗരൻമാരോടും വിദ്യാർഥികളോടും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോൺസുലേറ്റിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്താൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കാനഡ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദശേകാര്യ മന്ത്രാലയം ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.