ന്യൂഡൽഹി: വനിതാ സംവരണ ബിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴയ ഒരു കത്ത് വീണ്ടും പ്രചരിക്കുന്നു. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കാൻ പ്രധാനമന്ത്രിയുടെ പിന്തുണ തേടിക്കൊണ്ട് രാഹുൽ 2018-ൽ മോദിക്കയച്ച കത്താണ് പ്രചരിക്കുന്നത്.
വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കണമെന്നും അതിന് കോൺഗ്രസിന്റെ നിരുപാധിക പിന്തുണയുണ്ടായിരിക്കുമെന്നും കത്തിൽ രാഹുൽ പറയുന്നുണ്ട്. അന്ന് രാഹുൽ ട്വീറ്റ് ചെയ്ത കത്ത്, മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഉൾപ്പെടെ ഇപ്പോൾ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കോൺഗ്രസ് രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിൽക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പ്രചാരകനെന്ന് അവകാശപ്പെടുന്ന മോദി, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഈ വിഷയം സംസാരിക്കാനും പാർലമെന്റിൽ അവതരിപ്പിക്കാനും തയ്യാറാകണമെന്നും രാഹുൽ കത്തിൽ പറയുന്നുണ്ട്.
2008-ൽ യു.പി.എ. സർക്കാരാണ് വനിതാ സംവരണ ബില്ലിന് രൂപം നൽകിയത്. 2010-ൽ ബിൽ രാജ്യസഭയിൽ പാസായി. ബി.ജെ.പി.യും കോൺഗ്രസും ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും മറ്റു പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുമൂലം ബിൽ പിന്നീട് തടസ്സപ്പെട്ടു. വനിതാ സംവരണത്തിനകത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർന്നതോടെയാണ് പാസാകുന്നതിൽ തടസ്സം നേരിട്ടത്.