വനിതാ സംവരണ ബിൽ അവതരിപ്പിച്ചു

വനിതാ സംവരണ ബിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ.

ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്‌ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചു. നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞു പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.

കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു. കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ ലോക്‌സഭയിലെത്തിയില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *