ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാന അടയാളമായിരുന്ന പഴയ പാർലമെന്റ് മന്ദിരത്തിന് ഇനി സംവിധാൻ സദൻ (ഭരണഘടനാ ഭവൻ) എന്നായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മന്ദിരത്തിൽ നടന്ന അവസാന സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ സ്പീക്കർമാരുടെ സമ്മതത്തോടെ മന്ദിരത്തിന് സംവിധാൻ സദൻ എന്ന് നാമകരണം ചെയ്യുന്നതായി മോദി അറിയിച്ചു.തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ എം.പി.മാരും കാൽനടയായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ചു. ഇനിമുതൽ ഔദ്യോഗിക പാർലമെന്റായി പുതിയ മന്ദിരം അറിയപ്പെടും. ഇന്ന് നാം ഈ പാർലമെന്റ് വിട്ട് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോവുന്നു. ഗണേഷ ചതുർഥിയായതിനാൽ ഇന്നിത് ശുഭകരമാണെന്നും മോദി പറഞ്ഞു.
ചരിത്രം
1921-ൽ ബ്രിട്ടീഷ് വാസ്തുശിൽപി എഡ്വിൻ ലുട്യന്റെ നേതൃത്വത്തിലാണ് ന്യൂഡൽഹി നഗരവും പാർലമെന്റ് മന്ദിരവും രൂപകല്പന ചെയ്തത്. 1921 ഫെബ്രുവരി 12-ന് തറക്കല്ലിട്ടു. 1927 ജനുവരി 18-നാണ് നിർമാണം പൂർത്തിയാക്കിയത്. വൈസ്രോയി ഇർവിൻ പ്രഭുവായിരുന്നു ഉദ്ഘാടനം ചെയ്തത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാർ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കൾക്ക് ഭരണക്കൈമാറ്റം നടത്തിയത് പാർലമെന്റിന്റെ മധ്യഭാഗത്തുള്ള സെൻട്രൽ ഹാളിൽവെച്ചായിരുന്നു. 1921-ൽ നിർമിച്ച പാർലമെന്റ് മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗമാകും