തലശ്ശേരി : തലശ്ശേരി-മാഹി പാലം ദേശീയ പാതയുടെ നവീകരണത്തിന് 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ 1 കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രത്യേക താൽപ്പര്യമനുസരിച്ച് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനമായത്. ദേശീയപാത ആർ.ഒ.മീന ബി.എൽ, തലശ്ശേരി – മാഹി ബൈപ്പാസ് പ്രൊജക്ട് ഡയരക്ടർ പി.ഡി. അഷിതോഷ്, സ്പീക്കറുടെ എ.പി.എസ് അർജ്ജുൻ എസ്.കെ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു
നിലവിൽ തലശ്ശേരി മുതൽ മാഹിവരെയുള്ള ഭാഗത്ത് ദേശീയ പാതയിലുള്ള കുഴികൾ അടിയന്തിര പ്രാധാന്യത്തോടെ അടക്കാനും, നവീകരണ പ്രവൃത്തികളുടെ ഭരണാനുമതിക്കും, സാങ്കേതിക അനുമതിക്കുമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എൻ.എച്ച്.ഐ വിഭാഗം ഇന്ന് റോഡ് മിഷൻ ടെസ്റ്റ് നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.