ഗാസിയാബാദ്: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പത്തൊമ്പതുകാരന് ദാരുണാന്ത്യം. ഗാസിയാബാദിലെ ഖോദയിൽ നിന്നുള്ള സിദ്ധാർഥ് കുമാർ സിങ് ആണ് അന്തരിച്ചത്. ശനിയാഴ്ച്ച ട്രെഡ്മില്ലിൽ പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വർക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമികനിഗമനം.
ജിമ്മിലുള്ള മറ്റുരണ്ടുപേർ ഉടൻതന്നെ സിദ്ധാർഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നോയിഡയിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിയായ സിദ്ധാർഥ് മാതാപിതാക്കളുടെ ഏകമകനുമാണ്.
ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിദ്ധാർഥ് മരണപ്പെട്ടിരുന്നുവെന്ന് ഇന്ദിരാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്വതന്ത്ര ദേവ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഹൃദയാഘാതം ആണെന്നാണ് കരുതുന്നതെന്ന് യുവാവിനെ ചികിത്സിച്ച ഡോ.ആർ.എൻ സിങ് പറഞ്ഞു.
സമാനമായ ഹൃദയാഘാതമരണങ്ങൾ അടുത്തിടെയായി വർധിച്ചുവരികയാണ്. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൈദരാബാദിൽ നിന്നുള്ള മുപ്പത്തിയെട്ടുകാരൻ ശ്യാംയാദവ് മരിച്ചത്, ഫെബ്രുവരി 20ന് ഹൽദി സെറിമണിയിൽ പങ്കെടുക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിയും കുഴഞ്ഞുവീണ് മരിച്ചത് വാർത്തയായിരുന്നു. ഫെബ്രുവരി 23ന് ഹൈദരാബാദിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഇരുപത്തിനാലുകാരൻ മരിച്ചിരുന്നു.