കർഷക ആത്മഹത്യകൾ സർക്കാരുകൾ കണ്ണ് തുറന്ന് കാണണം

രാജ്യത്ത് കർഷക ആത്മഹത്യകൾ വർധിക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാലിക്കുന്ന മൗനം അംഗീകരിക്കാനാകില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് 10,897 കർഷകർ ആത്മഹത്യ ചെയ്തിരിക്കുകയാണ്. ജയ്ജവാൻ ജയ്കിസാൻ എന്ന ആപ്തവാക്യമുള്ള നാട്ടിലാണ് കടക്കെണിമൂലം കർഷക ആത്മഹത്യ നടക്കുന്നതെന്ന് ഭരണാധികാരികൾ ഓർക്കുന്നത് നന്ന്. കാർഷിക വൃത്തി മുഖ്യമേഖലയാണ് നമ്മുടെ രാജ്യത്ത്.
കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില ലഭിക്കാത്തതാണ് കർഷക ആത്മഹത്യയുടെ അടിസ്ഥാന കാരണം. കൃഷി ഭൂമിയിൽ രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് ഉത്പന്നം വിളയിക്കുന്ന കർഷകന് അതിന് ആനുപാതികമായ വിലകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര സംസ്ഥാന- സർക്കാരുകളുടെ കടമയാണ്. ഇത് യഥാവിധി നിർവഹിക്കാത്തതിനാലാണ് കർഷക ആത്മഹത്യകൾ തുടർക്കഥയാവുന്നത്. കർഷകരുടെ ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ ലാഭം ലഭിക്കുന്നത് ഇടനിലക്കാരായവർക്കാണ് എന്നതാണ് മറ്റൊരു ദുര്യോഗം.ഇട നിലക്കാരില്ലാതെ കർഷകർക്ക് അവരുടെ ഉത്പന്നം വിൽക്കാനായാൽ വലിയ ഒരു ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാനാവും. സർക്കാർ സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ ശേഖരിച്ച് മാർക്കറ്റിലെത്തിച്ചാൽ കർഷകർക്കും ഉപഭോക്താക്കളായ പൊതുജനങ്ങൾക്കും ഏറെ ഗുണപ്രദമാവും. കർഷകരുടെ വരുമാനം ഇരട്ടിയാകുന്ന കേന്ദ്രസർക്കാർ വാഗ്ദാനം നിലനിൽക്കേയാണ് കർഷകർ ആത്മഹത്യചെയ്യേണ്ടിവരുന്നത് എന്നതും കാണാതിരുന്നുകൂടാ. കേരളത്തിൽ കഴിഞ്ഞരണ്ടു വർഷത്തിനുള്ളിൽ 91 കർഷകരാണ് ആത്മഹത്യ ചെയ്തത്.
കർഷക ആത്മഹത്യയിൽ പകുതിയിലധികവും മഹാരാഷ്ട്രയിലാണ് നടന്നിട്ടുള്ളത്. കർണ്ണാടകയാണ് തൊട്ടടുത്ത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതരസംഘടനയായ സെന്റർഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ റിപ്പോർട്ടിലാണ് കർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. കാലാവസ്ഥ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ എന്നിവ മൂലമുണ്ടാകുന്ന വരുമാന തകർച്ചയാണ് ആത്മഹത്യക്ക് ഹേതുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ തറവില നിശ്ചയിക്കാൻ സർക്കാരുകൾ തയ്യാറാകേണ്ടതുണ്ട്. കർഷകർ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിലകിട്ടാതെ പ്രയാസപ്പെട്ട് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന ചിത്രങ്ങൾ നമ്മുടെ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, സംഭരണത്തിൽ സർക്കാരുകളുടെ ഇടപെടൽ കാര്യക്ഷമമാക്കുക, മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ സംവിധാനമുണ്ടാക്കുക. വിളകൾക്ക് പരിപൂർണ ഇൻഷുറൻസ് ഏർപ്പെടുത്തുക, വിത്തും വളവും സബ്സിഡി നിരക്കിൽ നൽകുക, കുറഞ്ഞ പലിശയ്ക്ക് ദീർഘകാല വായ്പകൾ നൽകുക, കടക്കെണിയിൽ അകപ്പെട്ട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നീ കാര്യങ്ങൾ നടപ്പിലാക്കിയാൽ രാജ്യത്തെ കർഷകർക്ക് അത് വലിയ ആശ്വാസമായി മാറും.
കർഷകരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണ്. കർഷകരുള്ളത് കൊണ്ടാണ് നമ്മളെല്ലാം നിലനിൽക്കുന്നതെന്ന തിരിച്ചറിയാനാവണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളിലൂടെ ഇനിയൊരു കർഷക ആത്മഹത്യ നടക്കാതിരിക്കട്ടെ..

 

 

Share

Leave a Reply

Your email address will not be published. Required fields are marked *