മുക്കിയ കപ്പലിൽനിന്ന് എംഡിഎംഎ കേരളത്തിലേക്ക്  ഒഴുകുന്നു

മുക്കിയ കപ്പലിൽനിന്ന് എംഡിഎംഎ കേരളത്തിലേക്ക് ഒഴുകുന്നു

കോഴിക്കോട്: നാലുവർഷം മുൻപ് അന്തമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ ലഹരിമാഫിയാസംഘം മുക്കിയ കപ്പലിൽനിന്നുള്ള രാസലഹരിമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നു കപ്പലിൽനിന്ന് കരയ്ക്കടിഞ്ഞ എം.ഡി.എം.എ.യാണ് ഇങ്ങനെയെത്തുന്നത്. 2019 സെപ്റ്റംബറിൽ കോസ്റ്റ്ഗാർഡും നാവികസേനയും നടത്തിയ പരിശോധനയ്ക്കിടെ പിടിക്കുമെന്നുറപ്പായപ്പോൾ കപ്പൽ കടലിൽ മുക്കിക്കളഞ്ഞ് മയക്കുമരുന്ന് സംഘാംഗങ്ങൾ രക്ഷപ്പെടുകയായിരുന്നു. കപ്പലിൽനിന്ന് കരയ്ക്കടിഞ്ഞ രാസലഹരിവസ്തുക്കൾ അന്തമാനിൽ സാമൂഹിക പ്രശ്‌നമാണിപ്പോൾ. വായുകടക്കാത്ത പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചവയാണ് ദ്വീപുകളിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21-ന് മഞ്ചേരിയിൽനിന്ന് മൂന്നുപേർ മലപ്പുറം ക്രൈംബ്രാഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെയാണ് അന്തമാനിൽനിന്ന് ഇവിടേക്ക് രാസലഹരിയെത്തുന്നതായി എക്‌സൈസിന് വിവരംലഭിച്ചത്.ദ്വീപിൽനിന്ന് സ്വകാര്യ കൂറിയർ കമ്പനി മുഖേനയെത്തിച്ച എം.ഡി.എം.എ.യുമായി മലപ്പുറം പട്ടർക്കടവ് സ്വദേശികളായ പഴങ്കരകുഴിയിൽ നിശാന്ത് (23), മുന്നൂക്കാരൻ വീട്ടിൽ സിറാജുദ്ദീൻ (28), കോണാംപാറ സ്വദേശി പുതുശേരി വീട്ടിൽ റിയാസ് (31) എന്നിവരാണ് അറസ്റ്റിലായത്. ദ്വീപിൽ നിന്ന് ് കൂറിയറിൽ മയക്കുമരുന്ന് അയച്ച സംഘത്തിലെ കണ്ണിയായ മലപ്പുറം ഹാജിയാർപള്ളി സ്വദേശി മുഹമ്മദ് സാബിഖിനെ (25) പിടിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞമാസം ദ്വീപിലേക്ക് പോയെങ്കിലും ഇയാളെ കിട്ടിയിട്ടില്ല. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നിർദേശപ്രകാരമാണ് അന്വേഷണസംഘം അന്തമാനിലേക്ക് പോയത്. കോഴിക്കോട് എക്‌സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ. ബൈജു, കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ. സുധീർ, തിരുവനന്തപുരം എയർ കസ്റ്റംസ് സൂപ്രണ്ട് വി. വിവേക്, കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഇൻസ്‌പെക്ടർമാരായ ഷിനു മോൻ, റമീസ് റഹീം, അഗസ്റ്റിൻ, വിനീത് എന്നിവരടങ്ങിയതാണ് സംഘം. കപ്പൽ മുക്കിയ കേസിൽ കോസ്റ്റ് ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) അന്തമാൻ പോലീസും പ്രതിരോധമന്ത്രാലയവും ചേർന്ന് അന്വേഷണം തുടരുകയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *