കൊച്ചി: സോളാർ വിവാദത്തിന്റെ 35 ശതമാനത്തോളം ആനുകൂല്യം 2016-ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായെന്ന് അവർ തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് ടി.ജി. നന്ദകുമാർ. സോളാർ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു നന്ദകുമാർ.
ഐ.ജി. ഹേമചന്ദ്രന്റെ റിപ്പോർട്ട് അനുസരിച്ച് 2016- ൽ 74 സീറ്റിൽ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മൻചാണ്ടി തന്നോട് പറഞ്ഞിരുന്നു. സോളാർ വിവാദവും പെരുമ്പാവൂർ നിയമവിദ്യാർഥിയുടെ മരണവും കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ കലാപവും അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരൻ ഉയർത്തിയ വിവാദങ്ങളുമാണ് എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. കേരളത്തിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ മുഖ്യമന്ത്രിമാർ ആവാൻ ശ്രമിച്ചതിന്റെ പരിണിതഫലമായാണ് ഉമ്മൻചാണ്ടി തേജോവധത്തിന് വിധേയനായതെന്നും ടി.ജി. നന്ദകുമാർ പറഞ്ഞു. അല്ലാതെ ദല്ലാൾ നന്ദകുമാർ ഇടപെട്ട് ഉമ്മൻചാണ്ടിയെ തേജോവധം ചെയ്തിട്ടില്ല. കേസ് കലാപത്തിൽ എത്തണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അത് എൽഡിഎഫ് മുതലാക്കി. അതിൽ എന്താണ് തെറ്റെന്നും നന്ദകുമാർ ചോദിച്ചു.’ലാവലിൻ കേസ് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പിണറായി എന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു വിവാദം വരുന്നുണ്ട്, ഇത് ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒരുപാട് ഫലപ്രദമാവുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’, നന്ദകുമാർ വെളിപ്പെടുത്തി.
‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ആഗ്രഹിച്ച രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്ക് ഇതെല്ലാം പുറത്തുവരണമെങ്കിൽ വി.എസ്. അച്യുതാനന്ദനേ സാധിക്കൂ എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. നേരിട്ടല്ലെങ്കിലും മറ്റുവഴിക്ക് കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചിരുന്നു. അവർക്കുവേണ്ടി ആളുകൾ ഇടപെട്ടു’, നന്ദകുമാർ പറഞ്ഞു.