കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിന്റെ സംസ്ഥാന തല മത്സരം 15-ന് കലൂരിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ രാവിലെ 10-ന് നടത്തും. മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ. എസ്.കെ. ഉന്മേഷ് നിർവഹിക്കും. യൂണിയൻ ബാങ്ക് സോണൽ മേധാവി രേണു കെ. നായർ മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടുന്ന നാല് ടീമുകൾക്ക് മത്സരിക്കാവുന്നതാണ്. ക്വിസ് മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മത്സര ദിവസം രാവിലെ എട്ട് മുതൽ വേദിയിൽ സ്പോട്ട് രജിസ്ട്രേഷനും അവസരം ഉണ്ടാകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ എട്ട് മണിക്ക് മത്സര വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മുംബൈയിൽ നടക്കുന്ന ‘യു ജീനിയസിന്റെ’ ദേശീയതലത്തിലേക്ക് വിജയികൾക്ക് ഈ മത്സരത്തിലൂടെ അർഹത നേടാം. ഫൈനലിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.രണ്ടാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നേടാം. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി ഫോൺ: 7829022345.