നാദാപുരം: ജെസിഐ വാരാഘോഷത്തിന്റെയും മേഖലാ പ്രസിഡന്റിന്റെ വൺ ഫോർ എവർ പദ്ധതിയുടെയും ഭാഗമായി, പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി പൂന്തോട്ടവും കോൺക്രീറ്റ് ഇരിപ്പിടങ്ങളുമൊരുക്കി ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനയായ ജെസിഐ.
ഇതിന്റെ പരിപാലനത്തിനും ജെസിഐ സന്നദ്ധമാണെന്ന് അധികാരികളെ അറിയിച്ചിട്ടുണ്ട്. ഡിവൈഎസ്പി ലതീഷ്, സർക്കിൾ ഇൻസ്പെക്ടർ ഫായിസ് അലി എന്നിവരുടെ മാർഗ്ഗ നിർദേശങ്ങളോടെയാണ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി സ്ഥിരം സംവിധാനമൊരുക്കിയത്. പേരോട് പാർക്കോ ലൈറ്റ്സിന്റെ സഹായത്തോടെ കോൺക്രീറ്റ് ബെഞ്ചുകളും കുമ്മങ്കോട് എക്കോ ഗാർഡനിന്റെ സഹായത്തോടെ പൂന്തോട്ടവും ഒരുക്കി.ജെസിഐ വാരാഘോഷത്തിന്റെ മൂന്നാം ദിനത്തിലാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ അടങ്ങുന്ന സോൺ 21 പ്രസിഡന്റ് സെനറ്റർ പ്രജിത്ത് വിശ്വനാഥനും സിഐ ഫായിസ് അലിയും ചേർന്ന് പൂന്തോട്ടം നാടിന് സമർപ്പിച്ചത്.
ജെസിഐ നാദാപുരം പ്രസിഡന്റ് സെനറ്റർ ഷൗക്കത്ത് അലി എരോത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല 21 പ്രസിഡന്റ് സെനറ്റർ പ്രജിത്ത് വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ ഫായിസ് അലി മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ പ്രയോജകരായ പാർക്കോ ലൈറ്റ്‌സിന്റെ പാർട്ണർമാരായ അബ്ദുൽ അസീസ് എകെ, നിയാസ് യൂസഫ് പി എന്നിവരെയും എക്കോ ഗാർഡൻ എം ഡി സജീഷിനെയും ആദരിച്ചു.
ജെസിഐ മേഖല വൈസ് പ്രസിഡന്റ് അൻവർ സിപി, സോൺ ഡയറക്ടർ ജിനേഷ് ഭാസ്‌കർ, ഓഫീസർ ഇൻചാർജ് അരുൺ ഇ.വി, വാരാഘോഷം കോർഡിനേറ്റർ സലൂജ അഫ്‌സൽ, പ്രോഗ്രാം ഡയറക്ടർ നജീബ് നൂർമഹൽ, നുസൈബത്ത് നിസാർ എന്നിവർ സംസാരിച്ചു.
വൈകിട്ട് നാദാപുരത്ത് നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസ് സിവിൽ പോലീസ് ഓഫീസർ ബിജു കെ.കെ നയിച്ചു.