തിരുവനന്തപുരം: സംഘപരിവാർ നേതാവും ബിജെപി മുൻ സംഘടനാ ജനറൽസെക്രട്ടറിയുമായിരുന്ന പി.പി.മുകുന്ദൻ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘകാലം ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു.
ആർഎസ്എസിൽ നിന്നാണ് മുകുന്ദൻ ബിജെപിയുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നത്. ബിജെപിയുടെ കേരള നിയന്ത്രണം ഒരു കാലത്ത് അദ്ദേഹത്തിന്റെ കൈകളിലായിരുന്നു.
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് പരേതരായ കൃഷ്ണൻ നായർ-കല്യാണിയമ്മ എന്നിവരുടെ മകനാണ്. മണത്തല യുപി സ്‌കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഹൈസ്‌കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ പിൻവലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും കാൽനൂറ്റാണ്ടു കാലം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു.1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഇടക്കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന മുകുന്ദൻ 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തിയിരുന്നു.