തിരുവനന്തപുരം: സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് ഓൺലൈനായാണു യോഗം. 5 മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ മന്ത്രി വീണാ ജോർജ് വിശദീകരിക്കും.
കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിൽ നിലവിൽ 168 പേരുണ്ട്. നിപ്പ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെൻറ് സോണുകളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വഴികൾ അടച്ചു.