ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്ഐആർ

ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്ഐആർ

മുംബൈ: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, മതവികാരം വ്രണപ്പെടുത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐ ആർ. നിലവിൽ ഉത്തർപ്രദേശിലെ രാംപുരിലും ബിഹാറിലെ മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും അദ്ദേഹത്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഉദയനിധിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ ഒരു സംഘം ചൊവ്വാഴ്ച സംസ്ഥാന പൊലീസിന് നിവേദനം നൽകിയിരുന്നു. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിസി 295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം അതിനെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പരാമർശം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *