ഡൽഹി: ഈ മാസം 18 മുതൽ 22 വരെ ചേരുന്ന പാർലമെൻറിൻറെ പ്രത്യേക സമ്മേളനത്തിൽ അടിമുടി പരിഷ്‌ക്കാരം. ഗണേശ ചതുർഥി ദിനം പ്രത്യേക പൂജയോടെ പുതിയ മന്ദിരത്തിൽ ആദ്യ സിറ്റിങ്. താമര ചിഹ്നം പ്രിൻറ് ചെയ്ത വസ്ത്രങ്ങൾ ഉൾപ്പെടെ ജീവനക്കാരുടെ ഡ്രസ് കോഡിലും ഭാരതീയവൽക്കരണത്തിൻറെ ഭാഗമായ മാറ്റം വരും. വനിത സംവരണ ബില്ലും തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള നിയമനിർമാണവും ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സിറ്റിങ്ങുമുണ്ടാകുമെന്നാണ് സൂചന. ലോക്‌സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും ഡ്രസ് കോഡിലും മാറ്റമുണ്ടാകും. നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് വസ്ത്രങ്ങൾ രൂപകൽപന ചെയ്തത്. പുരുഷന്മാർക്ക് നെഹ്‌റു ജാക്കറ്റും താമര ചിഹ്നം പ്രിൻറു ചെയ്ത ഷർട്ടും കാക്കി പാൻറ്‌സുമാണ് വേഷം. മാർഷൽമാർക്ക് മണിപ്പുരി അല്ലെങ്കിൽ കന്നഡ തലപ്പാവ്. ജീവനക്കാർ പ്രത്യേക പെരുമാറ്റ പരിശീലനം. സുരക്ഷാ ജീവനക്കാർക്ക് കമാൻഡോ പരിശീലനവും സൈനികരീതിയിലുള്ള വസ്ത്രവും.