കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ ബാധയെന്ന് സംശയം. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് 2 മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജില്ലയിൽ നാളെ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേരും. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയുമാണ് മരിച്ചത്. ഇതിലൊരാളുടെ ബന്ധുവായ ഒമ്പത് വയസ്സുള്ള കുട്ടിയാണ് ചികിത്സയിലുള്ളത്. ഇവരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.