ആലപ്പുഴ: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേഷ് കുമാർ ആണെന്ന്‌ഫെനി ബാലകൃഷ്ണൻ. ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരം ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.’ജയിലിൽ വച്ച് എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. കത്തിൽ മാറ്റം വരുത്താൻ ഗണേഷ് നേരിട്ട് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ പേരിൽ ലൈംഗികാരോപണം വന്നതിന് കാരണം ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. ഇത് പ്രാവർത്തികമാക്കിയത് ശരണ്യ മനോജും പ്രദീപും കൂടെയാണ്. വിഷയം ആരും അറിയാതിരിക്കുന്നതിനായി കോഡ് നെയിം ഉപയോഗിക്കണമെന്ന് ഗണേഷിന്റെ നിർദേശമുണ്ടായിരുന്നു. തുടർന്ന് പ്രദീപിനെ പൈലി എന്നാണ് വിളിച്ചിരുന്നത്’- ഫെനി ബാലകൃഷണൻ പറഞ്ഞു. ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകൾ ഇതിൽ ഇടപെട്ടു. ഇ.പി ജയരാജൻ കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനിൽക്കട്ടെ. തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി പറഞ്ഞു. തന്റെയടുത്ത് ബന്ധപ്പെട്ട നേതാക്കളുടെ ആവശ്യം സാമ്പത്തിക ഇടപാടായിരുന്നില്ല. ഈ ലൈംഗികാരോപണം കത്തിച്ച് വിടുക. സർക്കാറിനെ താഴെയിറക്കിയതിന് ശേഷം ഭരണത്തിൽ കയറുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. മാവേലിക്കര കോടതിയിൽ നിന്നും സജി ചെറിയാൻ നേരിട്ട് എന്റെ വീട്ടിൽ വന്നു. ഇവിടെ വച്ചാണ് അദ്ദേഹം പരാതിക്കാരിയെ കാണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെടുന്നത്. ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞത് പച്ചകള്ളമാണ്. ഈ കത്ത് താൻ പത്തനംതിട്ട ജയിലിൽ നിന്നും ഒപ്പിട്ട് വാങ്ങിയതാണ്. 21 പേജുകളുണ്ടായിരുന്ന കത്ത് അന്നത്തെ ജയിൽ സൂപ്രണ്ട് രേഖപ്പെടുത്തിയതാണ്. പിന്നെ എങ്ങിനെയാണ് ഇത് 25 പേജാകുന്നതെന്നും ഫെനി ചോദിച്ചു.