സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസം കൊണ്ട് 1.06 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. 2022-ൽ ഇതേ കാലയളവിൽ 88.95 ലക്ഷം സഞ്ചാരികളാണ് എത്തിയത്. 2019-ൽ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കോവിഡിനു മുന്നേയുള്ള സ്ഥിതി മറികടന്ന് കേരളം മുന്നേറി എന്നതിന്റെ സൂചനയാണിതെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വളർച്ച കൈവരിച്ചു. 2022-ലെ 1.06 ലക്ഷത്തിനെക്കാൾ 171.55 ശതമാനം വർധനയോടെ 2023-ൽ 2.88 ലക്ഷം സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. 2022-ൽ 35,168.42 കോടി രൂപ വരുമാനമാണ് വിനോദസഞ്ചാര മേഖലയിൽനിന്നു ലഭിച്ചത്. 2021-ൽ ഇത് 12,285.42 കോടിയുമായിരുന്നു.
ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ജനുവരി മുതൽ ജൂൺ വരെ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. 22.16 ലക്ഷം സഞ്ചാരികളെയാണ് ിവിടെ എത്തിയത്. 18.01 ലക്ഷം സഞ്ചാരികളുമായി ഇടുക്കിയാണ് രണ്ടാമത്. തിരുവനന്തപുരം,തൃശ്ശൂർ , വയനാട് ജില്ലകളാണ് തുടർന്നുള്ളത്. പുതിയ ടൂറിസം ഉത്പന്നങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിനായെന്ന് ടൂറിസം ഡയറക്ടർ പി.ബി നൂഹ് അറിയിച്ചു.