മാഹി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് വേണ്ടിയുളള വീടുവീടാന്തര സർവ്വേ ഇന്ന് മുതൽ മാഹിയിൽ തുടക്കം കുറിക്കുമെന്ന് ഏകാംഗ കമ്മീഷൻ ചെയർമാൻ റിട്ട: ചെന്നൈ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ.കെ.ശശിധരൻ മാഹി ഗവ.ഹൗസിൽ നടന്ന സിറ്റിങ്ങിൽ അറിയിച്ചു. നഗരസഭ മുൻ കൗൺസിലർമാർ,.രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഒ.ബി.സി. അസോസിയേഷനുകൾ, ഗവേഷണ സ്ഥാപനങ്ങളുടെ വിവിധ പ്രതിനിധികൾ എന്നിവരുമായിട്ടാണ് കൂടികാഴ്ച്ച നടത്തിയത്. മാഹി മുനിസിപ്പാലിറ്റിയിലെ വാർഡ് അടിസ്ഥാനത്തിൽ വീടുവീടാന്തരം കയറി ഒ.ബി.സി വോട്ടർമാരുടെ കണക്കെടുപ്പ് അങ്കണവാടി ജീവനക്കാർ മുഖേനയാണ് കമ്മീഷൻ നടത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് മാഹി മേഖലയിലെ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ബുക്ക്ലെറ്റുകൾ മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണയുടെ സാന്നിധ്യത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ അംഗൻവാടി ജീവനക്കാർക്ക് നൽകി പ്രകാശനം ചെയ്യും. കമ്മിഷൻ ഇന്നു കൂടി മാഹിയിൽ ഉണ്ടായിരിക്കും. യോഗത്തിൽ രമേശ് പറമ്പത്ത് എം എൽ എ, ജസ്റ്റിസ് രാമഭദ്രൻ, റിജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ, മുൻസിപ്പൽ കമ്മീഷണർ ഭാസ്‌ക്കർ സംസാരിച്ചു.