ചർച്ച ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന കണ്ടെത്തലിൽ
തിരുവനന്തപുരം: സോളാർ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച. സോളാർ ലൈംഗികാരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. ഒരു മണിമുതൽ മൂന്നുമണിവരെയാണ് ചർച്ച നടക്കുക. ഷാഫി പറമ്പിൽ നൽകിയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോർട്ട് സർക്കാരിന്റെ പക്കലില്ലെന്നും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ലെന്നും വിഷയത്തിൽ ചർച്ച ആകാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടർന്ന്് രണ്ടു മണിക്കൂർ അടിയന്തരപ്രമേയ ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകി. സോളാർ ലൈംഗിക പീഡനക്കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ അന്വേഷണറിപ്പോർട്ട്. പരാതിക്കാരിയുടെ പേരിൽ പുറത്തുവന്ന കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു ഇതെന്നും സി.ബി.ഐ. കണ്ടെത്തി. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ., അദ്ദേഹത്തിന്റെ ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ എന്നിവർ ഇതിനായി ഇടപെടൽ നടത്തിയെന്നും റിപ്പോട്ടിൽ പറയുന്നു.