കാസർകോട്: ജില്ലയിലെ എൻമകജെ പഞ്ചായത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടുകൾ നവീകരിക്കുന്നു. ദുരിത ബാധിതർക്കായി സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്ത് 2019ൽ പൂർത്തീകരിച്ച 36 വീടുകളാണ് നവീകരിച്ചു നൽകുന്നത്. ദുരിതബാധിതരായ ജനങ്ങൾക്ക് തണലൊരുക്കുന്നതിനായി ജോയ്ആലുക്കാസ് നൽകിയ സഹായം ഒട്ടനവധി പ്രശംസ നേടിയിരുന്നു. നിശ്ചയിച്ച സമയത്തുതന്നെ പൂർത്തീകരിച്ച 36 വീടുകളുടെ താക്കോൽ സത്യസായി ട്രസ്റ്റിന് കൈമാറിയെങ്കിലും വീടുകൾ ദുരിത ബാധിതർക്ക് നൽകുന്നതിൽ കാലതാമസം വന്നിരുന്നു. ഇതിനിടെ വീടുകളിൽ കാടുകയറുകയും വാതിലുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾക്കായി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് കണക്കാക്കുന്നത്.
ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിൽ നിന്നും രണ്ടര കോടി രൂപ ചിലവിട്ടാണ് സത്യസായി ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയിലൂടെ ജോയ്ആലുക്കാസ് വില്ലേജ് നിർമിച്ചു നൽകിയത്. 456 ചതുരശ്രയടി വിസ്തീർണമുള്ള വീടും അനുബന്ധ സൗകര്യങ്ങളും വീടുകളിലേക്കുള്ള വഴിയും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയിരുന്നു. ഇതുകൂടാതെ മറ്റനവധി സന്നദ്ധ പ്രവർത്തനങ്ങളും ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.