ന്യൂഡൽഹി: ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവർ ചേർന്നാണ് കരാർ പ്രഖ്യാപിച്ചത്. കടൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ഇത്തരത്തിലുള്ള ആദ്യ കരാറാണിത്. ഇന്ത്യയും പശ്ചിമേഷ്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവം ഫലപ്രദമായ മാധ്യമമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി20 ഉച്ചകോടിക്കിടെയാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചൈന- പാകിസ്താൻ് സാമ്പത്തിക ഇടനാഴിയെ നേരിടുന്നതാണ് പുതിയ പദ്ധതി. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായാണ് പുതിയ ഇടനാഴി.വാർത്താവിനിമയം, ട്രെയിൻ, തുറമുഖ, ഊർജ ശൃംഖല, ഹൈഡ്രജൻ പൈപ്പുകൾ എന്നിവയിൽ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. ശക്തമായ കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളുമാണ് മനുഷ്യനാഗരികതയുടെ അടിസ്ഥാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ സാമൂഹിക- സാമ്പത്തിക സൗകര്യങ്ങളിലും മുൻപില്ലാത്തവിധത്തിലുള്ള നിക്ഷേപമാണ് രാജ്യം നടത്തുന്നതെന്നും അവകാശപ്പെട്ടു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, സൗദി അറേബ്യൻ കീരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ ഈ കരാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.