കോഴിക്കോട്: സ്‌കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ പരാജയം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതക്ക് മകുടോദാഹരണമാണെന്ന് തമ്പാൻ തോമസ്. എക്‌സ്.എം.പി പറഞ്ഞു. പദ്ധതി തകർത്ത് സ്വകാര്യ ഏജൻസികൾ മുഖേന നടത്താൻ ചിലർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. സ്‌കൂൾ പാചക തൊഴിലാളികളെ തൊഴിലാളിലകൾ എന്ന നിർവ്വചനത്തിൽ നിന്ന് നീക്കം ചെയ്ത് ഓണറേറിയം പറ്റുന്ന കൂലി അടിമകളായി പ്രഖ്യാപിക്കുന്ന ഗസറ്റ് നോട്ടിഫിക്കേഷൻ കേരള സർക്കാർ പുറപ്പെടുവിച്ചിരിക്കുകയാണ്. 2016ൽ ഉമ്മൻചാണ്ടി സർക്കാർ പാചകതൊഴിലാളികളെ മിനിമം വേജസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി വേതനവും ക്ഷാമബത്തയും അടക്കം നിശ്ചയിച്ച് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ റദ്ദാക്കികൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിനെതിരെ ശബ്ദമുയർത്തുന്ന ഇടതുപക്ഷ സർക്കാർ ഈ വിഭാഗം തൊഴിലാളികളെ ദ്രോഹിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി തമിഴ്‌നാട് മോഡൽ കേരളത്തിലും നടപ്പാക്കണം. സംസ്ഥാനത്ത് 14,000ത്തോളം തൊഴിലാളികളും, തമിഴ്‌നാട്ടിൽ ഒന്നരലക്ഷത്തോളം പേരുമാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. തമിഴ്‌നാട്ടിൽ ലാസ്റ്റ് ഗ്രേഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഇവർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകി വരുന്നുണ്ട്. കേന്ദ്രവിഹിതമടക്കം ലഭിക്കുന്ന ഉച്ച ഭക്ഷണ പദ്ധതി പാളിപോകുന്നത് കെടുകാര്യസ്ഥത കൊണ്ടാണ്. സ്‌കൂൾ പാചക തൊഴിലാളി സംഘടന(എച്ച്എംഎസ്) സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയെ ഹൈക്കോടതിയിൽ ചോദ്യംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ തമ്പാൻ തോമസ്, ടോമി മാത്യു, ജി.ഷാനവാസ്, ടി.കെ.ബാലൻ, മനോജ് സാരംഗി പങ്കെടുത്തു.