റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട മൂന്ന് പേരുടെ ആശ്രിതർക്കുള്ള പത്ത് ലക്ഷം രൂപ വീതമുള്ള അനുകൂല്യം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ചികിത്സാ സഹായമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും തങ്ങൾ കൈമാറി. കുടുംബ നാഥന്റെ അകാല വിയോഗത്തോടെ പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാണ് നൽകിയതെന്നും
ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പദ്ധതിയുമായി സഹകരിക്കുന്ന മുഴുവനാളുകളെയും അഭിനന്ദിക്കുകയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മരണമെന്ന അനിവാര്യതയെ തിരിച്ചറിഞ്ഞു ഓരോരുത്തരും ഇത്തരം പദ്ധതികളിൽ അംഗത്വമെടുക്കാൻ മുന്നോട്ട് വരണം. അപ്രതീക്ഷിതമായി കടന്നെത്തുന്ന മരണത്തോടെ ഒരു വ്യക്തിയുടെ കുടുംബത്തെ സാന്ത്വനിപ്പിക്കാൻ ഈ പദ്ധതിയിൽ അംഗമാവുക വഴി നമുക്കാകുമെങ്കിൽ അതിൽ പരം പുണ്യം മറ്റൊന്നില്ല. ഇപ്പോൾ നടന്ന് വരുന്ന അഞ്ചാം ഘട്ട അംഗത്വ കാമ്പയിൻ വിജയിപ്പിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ നാല് വർഷമായി തുടരുന്ന സെൻട്രൽ കമ്മിറ്റിയുടെ പദ്ധതിയിൽ 2022-23 കാലയളവിൽ അംഗമായിരിക്കെ മരണപ്പെട്ട മലപ്പുറം, പൊന്നാനി, കണ്ണൂർ സ്വദേശികളുടെ ആശ്രിതർക്കാണ് മുപ്പത് ലക്ഷം രൂപ നൽകിയത്. ഇക്കഴിഞ്ഞ ജൂണിൽ പദ്ധതി കാലയളവിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് എഴുപത് ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. അന്ന് ചികിത്സാ സഹായമായി അഞ്ചു ലക്ഷവും പദ്ധതി വഴി അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രവാസ ലോകത്ത് കെഎംസിസി ഘടകങ്ങൾ നടത്തി വരുന്ന സുരക്ഷാ പദ്ധതികളിൽ ഏറ്റവും വലിയ തുക നൽകുന്ന പദ്ധതിയാണ് റിയാദ് കെഎംസിസിയുടേത്.
നിലവിൽ റിയാദിൽ അഞ്ചാം ഘട്ട പ്രചാരണ കാമ്പയിൻ് നടന്നു വരികയാണ്. സെപ്തംബർ 30ന് കാമ്പയിൻ അവസാനിക്കും. മികച്ച പ്രതികരണമാണ് പദ്ധതിക്ക് പൊതു സമൂഹത്തിൽ നിന്നും ലഭിച്ചു വരുന്നതെന്നും ഇതിനകം നിരവധി പേരാണ് അംഗത്വമെടുത്തതെന്നും സി പി മുസ്തഫ ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് നേതാക്കൾക്ക് പുറമെ റിയാദ് കെഎംസിസി നേതാക്കളായ മൊയ്തീൻ കോയ കല്ലമ്പാറ, അബ്ദുൽ മജീദ് പയ്യന്നൂർ, മാമുക്കോയ ഒറ്റപ്പാലം, എ യു സിദ്ധീഖ്, സമദ് സീമാടൻ, വി. കെ.റഫീഖ് ഹസ്സൻ വെട്ടത്തൂർ, സമദ് പെരുമുഖം, മെഹബൂബ് ചെറിയവളപ്പ്, മജീദ് പരപ്പനങ്ങാടി, ജാബിർ ബിൻ അസീസ്, നാസർ കോഡൂർ തുടങ്ങിയവർ പങ്കെടുത്തു.