കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കുത്തനെ ഉയർത്തി സർക്കാർ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം താരതമ്യം ചെയ്യുമ്പോൾ പശ്ചിമ ബംഗാളിലേത് കുറവാണെന്ന കാര്യം കണക്കിലെടുത്താണ് ശമ്പളവർധനവ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.എംഎൽഎമാർ, മന്ത്രിമാർ, ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർ എന്നിവരുടെ പ്രതിമാസശമ്പളത്തിൽ 40,000 രൂപ വീതമാണ് മുഖ്യമന്ത്രി മമത ബാനർജി ശമ്പളവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വർധനവിനെ തുടർന്ന് എംഎൽഎമാർക്ക് 50,000 രൂപയും മന്ത്രിമാർക്ക് 50,900 രൂപയും പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കും. ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർക്ക് ഇനിമുതൽ 51,000 രൂപയായിരിക്കും ശമ്പളം. നേരത്തെയുള്ള ശമ്പളത്തുക യഥാക്രമം 10,000 രൂപ, 10,900 രൂപ, 11,000 രൂപ എന്നിങ്ങനെയായിരുന്നു എന്നാൽ താൻ ശമ്പളം പറ്റാതെ തന്നെ തുടരാനാണ ആഗ്രഹിക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു.എംഎൽഎമാരുടേയും മന്ത്രിമാരുടേയും പ്രതിമാസശമ്പളത്തിൽ മാത്രമാണ് വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മറ്റ് ആനുകൂല്യങ്ങളിലും അലവൻസുകളിലും വർധനവ് പ്രഖ്യാപിച്ചിട്ടില്ല. ഈ വർധനവോടെ എംഎൽഎമാർക്ക് മറ്റ് ആനുകൂല്യങ്ങളുൾപ്പെടെ ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരം (1.21 ലക്ഷം) രൂപ പ്രതിമാസം പ്രതിഫലമായി ലഭിക്കും. 81, 000 രൂപയാണ് എംഎൽഎമാർക്ക് നിലവിൽ ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിഫലം പ്രതിമാസം ഒരുലക്ഷത്തി പതിനായിരം (1.1 ലക്ഷം) രൂപയിൽ നിന്ന് ഒരുലക്ഷത്തി അമ്പതിനായിരം (1.5 ലക്ഷം) രൂപയായി ഉയരും.