ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നു വൈകിട്ട് 6.55ന് ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമേറെയാണ്. പ്രഥമ വനിത ജിൽ ബൈഡന് കോവിഡ് ആയതിനാൽ ജോ ബൈഡൻ മാസ്‌ക് അടക്കമുള്ള കോവിഡ് മുൻകരുതലുകരുതലോടെ വ്യോമസേനയുടെ പാലം വിമാനത്താവളത്തിൽ ഇറങ്ങുന്ന ബൈഡനെ കേന്ദ്രസഹമന്ത്രി വി.കെ.സിങ് സ്വീകരിക്കും. നൈജീരിയ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാർ ജുഗ്‌നാഥ് തുടങ്ങിയവർ എത്തിക്കഴിഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ , ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ നാളെ രാവിലെയെത്തും.
ഡൽഹിയിലും പരിസരങ്ങളിലും ഉച്ചകോടിയുടെ ഭാഗമായിനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംഘവും താമസിക്കുക ചാണക്യപുരിയിലെ ഐടിസി മൗര്യ ഷെറാട്ടൻ ഹോട്ടലിലാണ്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് താജ് പാലസിലും റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് ഒബ്‌റോയ് ഹോട്ടലിലും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഷങ്ഗ്രിലാ ഇറോസ് ഹോട്ടലിലുമാണു തങ്ങുക.