ചാമ്പ്യൻ ചാണ്ടി ഉമ്മൻ തന്നെ

ചാമ്പ്യൻ ചാണ്ടി ഉമ്മൻ തന്നെ

ലീഡ് 36,454: ജെയ്ക്കിന് ഹാട്രിക്ക് തോൽവി

പുതുപ്പള്ളി:മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു ചാണ്ടിയുടെ ഭൂരിപക്ഷം 36,454 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പിൽ, ജെയ്ക് 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.
7 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു.1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

ഇത് സർക്കാരിനെതിരായ ജനവികാരം കെ. സുധാകരൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതുപക്ഷ സർക്കാരിനെതിരായ ജനങ്ങളുടെ വികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇടതുപക്ഷ സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനെക്കാൾ ചാണ്ടി ഉമ്മന് ഭൂരിപക്ഷമുണ്ടാകുമെന്നാണ് വോട്ടെടുപ്പിന് ശേഷം താൻ പറഞ്ഞതെന്നും അതിൽ ഉറച്ച് നിൽക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ കേരളത്തിലെ കമ്യൂണിസ്റ്റുകാർ പോലും അംഗീകരിക്കുന്നില്ല. കമ്യൂണിസ്റ്റ് ചിന്ത പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിൽ എവിടെയുണ്ടെന്നും സുധാകരൻ വിമർശിച്ചു.

പുതുപ്പള്ളിയിലേത് കോൺഗ്രസിൻറെ ഐക്യത്തിൻറെ വിജയം: കെ.സി വേണുഗോപാൽ

പുതുപള്ളിയിലേത് കോൺഗ്രസ്സിന്റെ ഐക്യത്തിന്റെ വിജയമാണെന്ന്് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിൻറെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ സൈറൺ മുഴങ്ങി കഴിഞ്ഞു. സർക്കാരിനെതിരെയുള്ള വികാരമാണിത്.

പ്രതികരണവുമായി അച്ചു ഉമ്മൻ

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന് ചോദ്യത്തിന് മറുപടിയെന്നും അച്ചു ഉമ്മൻ പറഞ്ഞു.ഉമ്മൻ ചാണ്ടി പിന്നിൽനിന്നു നയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിനു നൽകിയ യാത്രാമൊഴി നമ്മളെല്ലാവരും കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മൃഗീയമായി വേട്ടയാടി. മരിച്ചതിനു ശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ വേട്ടയാടിവരുടെ മുഖത്തുള്ള കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ ഈ വിജയം.

പിണറായിയെ ജനങ്ങൾക്ക് മടുത്തുവെന്ന് ഷാഫി പറമ്പിൽ

സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണ് പുതുപ്പള്ളിയിലേതെന്നും ഇതു സംസ്ഥാനം മുഴുവൻ ആളിപ്പടരുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയനെ ജനങ്ങൾക്ക് മടുത്തിരിക്കുന്നുവെന്നതാണ് ി പുതുപ്പള്ളി രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനവിരുദ്ധതയിൽ റെക്കോർഡിട്ട ഗവൺമെന്റിനും ജനവിരുദ്ധതയിൽ റെക്കോർഡിട്ട തലവനും കേരളത്തിലെ ജനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ കൊടുക്കുന്നത് .ഇതു കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്താണ്.

ഇടത് നെറി കേടുകൾക്കെതിരായ മധുര പ്രതികാരം പി.എം.എ സലാം

കോഴിക്കോട്: ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകൾക്ക് കേരളം നൽകിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടിയെ പ്രതികാര ബുദ്ധിയോടെ വേട്ടയാടിയവർക്ക് പുതുപ്പള്ളിയിലെ ജനം ബാലറ്റിലൂടെ മറുപടി നൽകിയിരിക്കുന്നുവെന്നും അദ്ദേഹം പതികരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *