തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ഇത്ര വലിയൊരു പരാജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.’സർക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിർത്താനായി. വോട്ട് കുറഞ്ഞതെങ്ങനെ എന്ന് പരിശോധിക്കും. എല്ലാ സമുദായത്തിൽനിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്. ബിജെപിക്ക് വലിയ രീതിയിൽ വോട്ടു ചോർച്ചയുണ്ടായി.
‘ ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല എന്നാണെന്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് സമയത്തോ വോട്ടിങ്ങിന് ശേഷമോ അമിതമായ ഒരു കാര്യവും ഞങ്ങൾ പറഞ്ഞിട്ടില്ല. എന്നാൽ രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടും എന്ന് ഞങ്ങൾ പറഞ്ഞു. മറുഭാഗത്ത് വൈകാരികതയും സഹതാപവുമാണ് ഉന്നയിച്ചത്.’ – ഗോവിന്ദൻ പറഞ്ഞു.