ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ തുറന്നു
ഇടുക്കി:പ്രകൃതി മനോഹരമായ വാഗമണ്ണിൽ ഇനി സഞ്ചാരികളെ കാത്തിരിക്കുന്നത് ചില്ലു പാലവും സാഹസിക വിനോദ പാർക്കും. കാന്റിലിവർ മാതൃകയിലുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാനാവാത്ത ടൂറിസ്റ്റ് കേന്ദ്രമായി മാറി. വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് സാഹസിക പാർക്ക്. തൊടുപുഴയിൽ നിന്നും 48 കിലോമീറ്ററും കട്ടപ്പനയിൽ നിന്നും 40 കിലോമീറ്ററും പാലായിൽ നിന്നും 42 കിലോമീറ്ററും കുമിളിയിൽ നിന്ന് 52 കിലോമീറ്ററും കോട്ടയത്തു നിന്നും 69 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 47 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്താം.സാഹസിക പാർക്കിൽ നടന്ന ചടങ്ങിൽ വാഴൂർ സോമൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്, ഭാരത് മാതാ വെഞ്ചേഴ്സ് മാനേജിങ് ഡയറക്ടർ ജോമി പൂനോളി, എം.എം. മണി എം.എൽ.എ, കേരള ടൂറിസം ഇൻഫ്രസ്ട്രക്ച്ചർ ചെയർമാൻ എസ്.കെ.സജീഷ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.മാലതി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു മുതൽ സഞ്ചാരികൾക്ക് പാസെടുത്ത് ചില്ലുപാലത്തിൽ കയറി കാഴ്ചകളാസ്വദിക്കാം. ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് വാഗമൺ കോലാഹലമേട്ടിൽ ചില്ലു പാലം ഒരുക്കിയിരിക്കുന്നത്. 40 മീറ്ററാണ് പാലത്തിന്റെ നീളം. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിർമാണച്ചെലവ്. ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനുറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാം.