കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോ. സി.കെ രമേശൻ, നഴ്സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സുദർശന്റെ മുന്നിൽ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കൽ നെഗ്ലിജൻസ് വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കത്രിക കുടുങ്ങിയ കേസിൽ നാല് പ്രതികൾക്കാണ് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. കേസിൽ കരട് കുറ്റപത്രവും നിയമോപദേശവും കേസിന്റെ ഫയലും ഉൾപ്പെടെ സർക്കാരിലേക്ക് സമർപ്പിക്കും. അതിനുശേഷം വിചാരണക്കുള്ള അനുമതി തേടും.