തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യം ലഭിക്കുന്നതിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്? തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം. അദ്ദേഹത്തിന്റെ പ്രത്യശാസ്ത്രത്തോട് വിയോജിപ്പുണ്ടാകാം. പക്ഷേ 94-ാം വയസ്സിലും അദ്ദേഹത്തിലുള്ള പോരാട്ട വീര്യത്തെ നമ്മൾ അംഗീകരിക്കണം.വയോധികനായ വാസുവേട്ടന്റെ മുഖം മറയ്ക്കുന്നതും, വായ് മൂടിക്കെട്ടുന്നതും മുദ്രാവാക്യം വിളിക്കുന്നതിന് കൈ ബലമായി പിടിച്ചു താഴ്ത്തുകയും ചെയ്യുന്ന കേരള പോലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും സതീശൻ കത്തിൽ വിമർശിച്ചു.