കൊച്ചി: മലയാളി ഓണത്തിന്റെ ഗൃഹാതുരസ്മരണയായ തൃക്കാക്കര ക്ഷേത്രത്തിലെ സദ്യ മുതൽ പുലി കളിവരെ, നാഷണൽ ജിയോഗ്രാഫിക്ക് ചാനലിൽ ഇന്ത്യാസ് മെഗാ ഫെസ്റ്റിവൽസ് ഷോയിലൂടെ ലോകമൊന്നാകെയുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു. ഇനി മുതൽ എല്ലാ ബുധനാഴ്ചയും രാത്രി എട്ടിനാണ് നാഷണൽ ജിയോഗ്രാഫിക്ക് ചാനലിലെ ഇന്ത്യാ മെഗാ ഫെസ്റ്റിവൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ലോക പ്രശസ്ത സെലിബ്രിറ്റി ഷെഫുമാരായ ഗാരി മെഹിഗൻ, പാബ്ലോ നരഞ്‌ജോ അഗുലാരെ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ആറ് ഭാഗങ്ങളുള്ള ഒന്നിൽ 44 മിനിറ്റ് ദൈർഘ്യമുള്ള പരമ്പരയാണിത്. ഓണം കൂടാതെ ഗണേശോത്സവം, ദുർഗ്ഗാപൂജ, ഹോൺബിൽ , ഫൂലോം കി ഹോളി, ഈദുൽ ഫിത്വർ എന്നീ മഹത്തായ ഇന്ത്യൻ ആഘോഷ സംസ്‌കാരങ്ങളും ഈ പരമ്പരയിൽ സംപ്രേക്ഷണം ചെയ്യും.