സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മൂവായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും. പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപനം. വാദ്യമേളങ്ങളുടെ അകമ്പടിയിൽ നഗരത്തിലൂടെ ഘോഷയാത്ര കടന്നുപോകും. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്ളോട്ടുകളും അണിനിരക്കും. വിവിധ കലാരൂപങ്ങൾക്കൊപ്പം പൊലീസിൻറെ അശ്വാരൂഢ സേനയും മറ്റ് സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയെ മനോഹരമാക്കും. ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും ഘോഷയാത്ര. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ അനിൽ എന്നിവരും പങ്കെടുക്കും. സിനിമാതാരങ്ങളായ ഷെയിൻ നിഗം,നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ വിവിഐപി പവലിയനും യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വിഐപി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നിൽ പ്രത്യേക സ്റ്റേജും തയ്യാറാക്കിയിട്ടുണ്ട്. ഘോഷയാത്ര കടന്നു പോകുന്ന വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെയുള്ള പാതയുടെ ഇരുവശവും നിന്ന് പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യമുണ്ട്. കർശന സുരക്ഷാ ക്രമീകരണമാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിൽ ഉച്ച കഴിഞ്ഞ് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *