ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സോളാർ സ്പേസ് ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ -എൽ 1 വിക്ഷേപിച്ചു.ശനിയാഴ്ച രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പിഎസ്എൽവി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. .15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയൻറിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിൻറെ ലക്ഷ്യം.ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ഏഴു പേലോഡുകളാണ് പേടകത്തിലുള്ളത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിൻറെ കാലാവധി.
വിക്ഷേപണത്തിനു മുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ പേടകത്തെ എത്തിക്കുകയാണ് ആദ്യ കടമ്പ. ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിപ്പിച്ച് പേടകം പിന്നീട് നാലു തവണ ഭൂമിയെ വലയം ചെയ്യും.
അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് നീങ്ങും. 125 ദിവസം നീളുന്ന ഈ ഘട്ടങ്ങൾ പിന്നിട്ട് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിൻറിൽ, ആദിത്യ-എൽ 1 എത്തും. സൂര്യൻറെ പുറംഭാഗത്തെ താപവ്യതിയാനം, ഉപരിതലഘടന പഠനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിൻറെ ഫലങ്ങൾ എന്നിവയാണ് പ്രധാനപഠന ലക്ഷ്യം. ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ഏഴു പേലോഡുകളാണ് പേടകത്തിലുള്ളത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിൻറെ കാലാവധി.