കൊച്ചി: സന്തോഷ് ട്രോഫിക്കും ദേശീയ ഗെയിംസിനുമുള്ള കേരള ഫുട്‌ബോൾ ടീമിന്റെ കോച്ചായി സതീവൻ ബാലനെ നിയമിച്ചു. അസിസ്റ്റന്റ് കോച്ചായി പി.കെ. അസീസിനെയും ഗോൾ കീപ്പിങ് കോച്ചായി ഹർഷൽ റഹ്‌മാനെയും കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു.
രണ്ടാംതവണയാണ് സതീവൻ കേരള ടീമിന്റെ പരിശീലകനാകുന്നത്. 2018-ൽ സതീവൻ പരിശീലകനായിരിക്കെ സന്തോഷ് ട്രോഫി നേടിയിരുന്നു. കോച്ചായി തിരിച്ചെത്തിയ സതീവൻ ബാലന് രണ്ടുലക്ഷ്യമുണ്ട്. സന്തോഷ് ട്രോഫി ഒന്നുകൂടി ജയിക്കുക,.കേരളത്തിന് ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം ലഭിക്കുക. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽനിന്ന് മികച്ച താരങ്ങളെ കണ്ടെത്തണമെന്നും ഐ.എസ്.എൽ. അടക്കമുള്ള ക്ലബ്ബുകളിലെ റിസർവ് താരങ്ങളെയും സീനിയർ, ജൂനിയർ വ്യത്യാസമില്ലാതെ അർഹതയുള്ളവരെയെല്ലാം കേരള ടീമിലെത്തിക്കുമെന്നും സതീവൻ പറഞ്ഞു.