വിമാന കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ എയർ കേരള തുടങ്ങണം ദുബൈ കെ.എം.സി.സി

വിമാന കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ എയർ കേരള തുടങ്ങണം ദുബൈ കെ.എം.സി.സി

കോഴിക്കോട്: വിമാന കമ്പനികൾ സീസണുകളിൽ വൻ ാർജ്ജ് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുനത്് അവസാനിപ്പിക്കണമെന്ന് ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയാളി പ്രവാസികളെ ആകാശക്കൊള്ളയിൽ നിന്ന് രക്ഷിക്കാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആവിഷ്‌ക്കരിച്ച എയർ കേരള, എത്രയും വേഗം പ്രാവർത്തികമാക്കണം. ഉമ്മൻചാണ്ടിയുടെ സ്മരണയിൽ എയർ കേരള വരുന്നത് ഗൾഫിലെ സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും.
ഗൾഫ് സെക്ടറിൽ വിമാനക്കമ്പനികൾ ഒരു നീതിയുമില്ലാത്ത പിടിച്ചുപറിയാണ് നടത്തുന്നത്. കോവിഡ് സമയത്ത് ടിക്കറ്റ് നിരക്കിൽ 41 ശതമാനത്തോളം വർദ്ധനവുണ്ടായിട്ടുണ്ട്. ഇതിന് പുറമെയാണ് സീസൺ സമയത്തെ കഴുത്തറപ്പൻ നിരക്ക് ഈടാക്കിയുള്ള കൊളള. സ്ഥിരമായി എല്ലാ വർഷവും ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ പൊള്ളുന്ന ചാർജ്ജാണ് ഗൾഫ് സെക്ടറുകളിലേക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ജൂലായ് മാസം വരെ താഴ്ന്നു നിന്ന നിരക്ക് പിന്നീട് പൊടുന്നനെ ഉയരുന്നു. തിരക്ക് കൂടുമ്പോൾ തോന്നുംപോലെ വിമാന കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. ഓണാവധി കഴിഞ്ഞ് ഗൾഫിൽ സ്‌കൂൾ തുറക്കുന്നതോടെ കേരളത്തിൽ നിന്ന് മടങ്ങുന്നതാണ് പ്രവാസികളുടെ രീതി. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ലക്ഷങ്ങളാണ് ടിക്കറ്റ് നിരക്കിന് മാത്രമായി ചെലവാക്കേണ്ടി വരുന്നത്. വീക്കെൻഡ് ദിവസങ്ങളിൽ മറ്റു ദിവസങ്ങളിലേതിനേക്കാൾ ടിക്കറ്റ് നിരക്ക് വീണ്ടും കൂടും. സെപ്റ്റംബർ ആദ്യവാരമാണ് ഗൾഫ് രാജ്യങ്ങളിൽ സ്‌കൂൾ തുറക്കുന്നത്. അതിനാൽ തന്നെ യാത്ര മാറ്റിവെക്കാൻ പ്രവാസികൾക്കാവില്ല. പ്രവാസികളുടെ നിസ്സഹായാവസ്ഥ എയർലൈനുകൾ പരമാവധി ചൂഷണം ചെയ്യുകയാണെന്നും കെ.എം.സി.സി നേതാക്കൾ പറഞ്ഞു.
കൊച്ചിയിൽ നിന്നും ദുബൈയിലേക്ക് ഇത്തിഹാദ് എയർവെയ്‌സ് ഈടാക്കുന്നത് 75486 രൂപയാണ് എമിറേറ്റ്‌സ് 72872 രൂപയും, എയർ ഇന്ത്യ എക്‌സ്്പ്രസ് 39106 രൂപയും ഈടാക്കുന്നു. എന്നാൽ അതേ ദിവസം മുംബൈയിൽ നിന്നും ദുബൈയിലേക്ക് 20859 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ആഗസ്റ്റ് 31ന് കോഴിക്കോട് നിന്ന് ദോഹയിലേക്ക് ഖത്തർ എയർവെയ്‌സ് ഈടാക്കുന്ന നിരക്ക് 71549 രൂപയാണ്. എയർ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കുന്നത് 44532 രൂപയാണ്. ഇതേ ദിവസം ബാംഗ്ലൂരുവിൽ നിന്ന് ദോഹയിലേക്ക് 30505 രൂപ ചെലവാക്കിയാൽ ടിക്കറ്റ് ലഭിക്കും. കാഠ്മണ്ഡു എയർപോർട്ടിൽ നിന്നും ദോഹയിലേക്ക് എയർ ഇന്ത്യ ഈടാക്കുന്നത് 32704 രൂപയാണ്. എയർ അറേബ്യയുടെ ടിക്കറ്റ് നിരക്ക് 22909 രൂപയാണ്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ  യാത്രക്കാരോടുള്ള പെരുമാറ്റം ഏറെ വിമർശനത്തിന് കാരണമാകുന്നു. വിമാനത്തിൽ ദാഹിച്ചു വലയുന്ന യാത്രക്കാർക്ക് നിരന്തരം ആവശ്യപ്പെടുമ്പോൾ ചെറിയ ഡിസ്‌പോസിബിൾ ഗ്ലാസിലാണ് എയർ ഇന്ത്യ വെള്ളം നൽകുന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സമയങ്ങളിൽ കോഴിക്കോട്ട് ഇറങ്ങേണ്ട വിമാനം കണ്ണൂരിലിറങ്ങാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലൊന്നും വേണ്ട പരിഗണന നൽകാൻ എയർക്രാഫ്റ്റിലുള്ള ജീവനക്കാർ തയ്യാറാകുന്നില്ല.
ദുബൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ താമസ സ്ഥലത്തു നിന്ന് പുറപ്പെട്ട് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ ആറു മുതൽ 14 മണിക്കൂർ സമയമാണെടുക്കുന്നത്. ഇത്രയും സമയം വെള്ളമോ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെടുത്തുന്നത് അനീതിയാണ്. ദുബൈയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് കുടിവെള്ള ബോട്ടിൽ സ്‌പോൺസർ ചെയ്യിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ കെ.എം.സി.സി ഒരുക്കമാണ്. പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ഒരന്ത്യമുണ്ടാകണമെന്നും കേന്ദ്ര കേരള സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു.
Share

Leave a Reply

Your email address will not be published. Required fields are marked *