രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്‌സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്. കളക്ഷനിൽ ആഗോളതലത്തിൽ 600 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ സൂപ്പർതാരത്തെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയിലെത്തി ചെക്ക് കൈമാറി. 110 കോടി രൂപ പ്രതിഫലവും ലാഭവിഹിതവും അദ്ദേഹം രജിനി കാന്തിന് കൈമാറി. ചിത്രം റിലീസായി മൂന്നാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നുമാത്രം 350 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായും ജയിലർ മാറിയിരിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.