ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതി അധ്യക്ഷൻ

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമിതി അധ്യക്ഷൻ

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് സമിതി പഠിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ളവ ആവശ്യമുണ്ട്. അതിനുപുറമെ സാങ്കേതികവും വിഭവപരവുമായ സൗകര്യങ്ങളും തയ്യാറാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ ഒരുക്കേണ്ടതും സർക്കാരുകളുടെ കാലാവധി ഒരുമിച്ചാക്കുന്നത് സംബന്ധിച്ചുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചർച്ചകൾ ഉയർന്നപ്പോൾ തന്നെ വലിയതോതിലുള്ള ചെലവ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിങ്ങുമ്പോൾ മാത്രമേ എതെല്ലാം മേഖലകളിലാണ് പഠനം നടക്കുന്നതെന്നു വ്യക്തമാകുകയുള്ളു.
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.നിലവിൽ ഓരോ സംസ്ഥാനത്തും കേന്ദ്രത്തിലും സർക്കാറുകളുടെ കാലാവധി കഴിയുന്നതിന് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ വൻ സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ പറയുന്ന ന്യായീകരണം. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *