കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.എറണാകുളം അഡീഷണൽ പോക്സോ കോടതിയിൽ ഇന്നാണ് കുറ്റപത്രം സമർപിച്ചത്. പ്രതി അസ്ഫാഖ് ആലമിനെതിരേ കൊലപാതകം, പോക്സോ ഉൾപ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊല നടന്ന് 35-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് പ്രതി അസ്ഫാഖ് ആലമിനെതിരേ പ്രധാനമായുള്ളത്. ഡി.എൻ.എ. പ്രൊഫൈൽ അടക്കമുള്ള തെളിവുകളാണ് പോലീസ് ശേഖരിച്ചത്. 800 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളും 62 തെളിവുരേഖകളുണ്ടെന്നും പോലീസ് അറിയിച്ചു. ബിഹാർ സ്വദേശികളുടെ മകളായ പെൺകുട്ടിയെ ബിഹാർ സ്വദേശിയായ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലായ് 28-നാണ് സംഭവം. കുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിനു പിറകിലെത്തിച്ച് പീഡിപ്പിക്കുകയും ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.