ന്യൂഡൽഹി:പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ച് ദിവസം സമ്മേളിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ‘ആസാദി കാ അമൃത് മഹോൽസവ്’ അവസാനിച്ച സാഹചര്യത്തിൽ നൂറാം വാർഷികത്തിന് വേണ്ടി 25 വർഷം കണക്കാക്കിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനായുള്ള ചർച്ചകളാകും സമ്മേളനത്തിലുണ്ടാവുക. മണിപ്പുർ കലാപത്തിൽ കഴിഞ്ഞ സമ്മേളനം മുങ്ങിപ്പോയതോടെയാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതെന്നാണ് വിലയിരുത്തൽ. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇതുവരെയും സമ്മേളനം നടന്നിട്ടില്ല. പതിനേഴാമത് ലോക്‌സഭയുടെ പതിമൂന്നാം സമ്മേളനം ഇവിടെ വച്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.