ന്യൂയോർക്ക് സിറ്റി: ഉച്ചഭാഷിണിയിൽ ബാങ്കുവിളിക്കാൻ അനുമതി നൽകി ന്യൂയോർക്ക് സിറ്റി ഭരണകൂടം. മേയർ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. ഉച്ചഭാഷണി ഉപയോഗിക്കാനുള്ള സമയപരിധി അടക്കം നിശ്ചയിച്ച് മാർഗനിർദേശവും പുറത്തിറക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനിൽ മഗ്‌രിബ്് ബാങ്കിനും അനുമതി നൽകി.ന്യൂയോർക്ക് സിറ്റിയിൽ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും മേയർ പറഞ്ഞു.
തീരുമാനത്തെ ന്യൂയോർക്കിലെ മുസ്ലിം നേതാക്കൾ സ്വാഗതം ചെയ്തു. നഗരത്തിലെ മുസ്ലിം സമൂഹത്തിന്റെ വലിയ വിജയമാണിതെന്ന് ന്യൂയോർക്ക് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ഇമാം ഷംസി അലി പ്രതികരിച്ചു. വിവേചനമോ വേട്ടയോ ഭയക്കാതെ സ്വന്തം വിശ്വാസം പുലർത്താനുള്ള സ്വാതന്ത്ര്യമാണ് ഇതു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.