നിശ്ശബ്ദമായി, വിറങ്ങലിച്ച്  കോട്ടോപ്പാടം

നിശ്ശബ്ദമായി, വിറങ്ങലിച്ച് കോട്ടോപ്പാടം

മണ്ണാർക്കാട്: കോട്ടോപ്പാടത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ച സഹോദരികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു.പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കുടുംബ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് നടന്ന പൊതുദർശനത്തിൽ നൂറുക്കണക്കിനാളുകളാണ് അവസാനമായി ഒരു നോക്കു കാണാൻ ഇവിടെയെത്തി. മരിച്ച റമീഷ, റിൻഷി എന്നിവരുടെ മൃതദേഹങ്ങൾ കോട്ടോപ്പാടം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. നഷീദയുടെ ഖബറടക്കം തച്ചനാട്ടുകര പാറമ്മൽ ജുമാമസ്ജിദിലാണ് നടന്നത്. മൂകമായ പ്രാർഥനകളും ബന്ധുക്കളുടെ ആശ്വാസവാക്കുകളും നിറഞ്ഞതായി ആ വീട്.
മൂന്ന് പെൺമക്കളുടെയും ജീവൻ പെരുങ്കുളം കവർന്നതിന്റെ ആഘാതത്തിൽനിന്ന് മുക്തനാവാതെ തലയും താഴ്ത്തിയിരിക്കുന്ന പിതാവ് റഷീദിന്റെ നൊമ്പരം കണ്ടുനിന്നവരിലും കണ്ണീർപടർത്തി. അകത്തെ മുറിയിൽ നിന്ന് ഉമ്മ അസ്മ കരഞ്ഞുതളർന്നു. അഞ്ചുമ ക്കളാണ് ഈ ദമ്പതിമാർക്ക്. വിവാഹിതരായ മൂന്ന് മക്കളിലെ നിഷീദ നാട്ടുകല്ലിൽ നിന്നും റമീഷ കണ്ടമംഗലത്തുനിന്നും കഴിഞ്ഞദിവസ മാണ് വീട്ടിലേക്കെത്തിയത്. കുട്ടികളുടെ കളികളും ചിരികളുമായി സന്തോഷകരമായ നിമിഷ ങ്ങളായിരുന്നു ബുധനാഴ്ച ഉച്ചവരെ ഉണ്ടായിരുന്നത്.
വീട്ടിൽനിന്ന് കുറച്ചുമാറിയാണ് അപകടംനടന്ന പെരുങ്കുളം. ഒരേക്കർ വിസ്തൃതിയുള്ള ഈ കുളം തോട്ടങ്ങൾക്കരികിലാണ്. കുട്ടികൾ കുളം കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോഴാണ് മൂവരും ചേർന്ന് കുട്ടികളുമായി പോയത്. ഇളയമകൾ റിഷാന പടവിൽനിന്ന് അബദ്ധത്തിൽ താഴേക്ക് വീണതായാണ് പറയുന്നത്. റിഷാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സഹോദരിമാരും വെള്ളത്തിലകപ്പെട്ടത്. സംഭവം കണ്ട് ഭയന്ന് കരയിൽ നിൽക്കുകയായിരുന്ന കുട്ടികൾ കരഞ്ഞുനിലവിളിച്ചതോടെയാണ് അപകടം നാട്ടുകാർ അറിയുന്നത്. റഷീദും അസ്മയും ഈസമയം കുളത്തിലേക്കുള്ള വഴിയിലുടെ വരുന്നുണ്ടായിരുന്നു. എല്ലാവരും കൂടി നിലവിളിച്ചതോടെ കുറച്ചകലെ കോഴിഫാം നടത്തുന്ന കണക്കഞ്ചേരി സ്വദേശി ഉമ്മർ, അതിഥി തൊഴിലാളി ജിത്തു എന്നിവർ കുളത്തിലേക്ക് എടുത്തു ചാടി. അപ്പോഴേക്കും കുറച്ചുപേർകൂടി ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്ന് മൂവരെയും കരയെത്തിച്ചു. നാട്ടുകാർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *