ശ്രീനഗർ:ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിന് തയാറെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. വോട്ടർപട്ടിക പരിഷ്‌കരിക്കൽ ഏതാണ്ട് പൂർത്തിയായെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആദ്യം നടക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സംസ്ഥാന പദവി തിരികെനൽകുമെന്ന് സർക്കാർ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വഴി സുപ്രീംകോടതിയെ അറിയിച്ചു.ഭരണഘടന അനുച്ഛേദം 370 സംബന്ധിച്ച വാദം കേൾക്കലിന്റെ പന്ത്രണ്ടാം ദിവസമാണ് ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി നീക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നത്. സംസ്ഥാനം കടന്നുപോകുന്ന ചില സവിശേഷമായ സാഹചര്യങ്ങൾ കൊണ്ടാണ് സംസ്ഥാന പദവി പുനസ്ഥാപിക്കാൻ സമയമെടുക്കുന്നതെന്നും സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാന- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെ മേൽനോട്ടത്തിലാകും ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് നടത്തുകയെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു.