കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 43 കോടിയുടെ മയക്ക് മരുന്ന് പിടികൂടിയതിൽ ഡി.ആർ.ഐ അന്വേഷണം ഊർജിതമാക്കി. പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്കുമാർ കാരിയർ മാത്രമാണെന്നും ബോംബയിലേക്കുള്ള കൊക്കയിനും ഹെറോയിലുമാണ് ഇയാൾ കരിപ്പൂരിലെത്തിച്ചതെന്നും അന്വേഷസംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഗോവയിലെ മയക്ക് മരുന്ന് സംഘത്തിലുള്ളവരാണ് രാജീവ് കുമാറിന് കൊക്കയിനും ഹെറോയിലും കൊണ്ടുവരാൻ നിർദേശ നൽകിയത്. നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തു.കെനിയയിലെ നെയ് റോബിൽ നിന്നും മയക്ക് മരുന്ന് മുബൈയിലെത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. ഓണക്കാലമായതിനാൽ കേരളത്തിലെ വിമാനതാവളങ്ങളിൽ തിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. പരിശോധന കൂടാതെ വിമാനതാവളത്തിന് പുറത്ത്കടക്കാമെന്നാണ് പ്രതീക്ഷിച്ചത്. പിന്നീട് ട്രെയിൻമാർഗം മുബൈയിൽ ലഹരി വസ്തുക്കൾ എത്തിക്കുകയായിരുന്നു ലക്ഷ്യം. അതിന് മുൻമ്പ് തന്നെ കാരിയറായ രാജീവ് കുമാർ പിടിയിലായി. രാജീവ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണം സംഘം പ്രതീക്ഷിക്കുന്നത്.