കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത പ്രത്യക്ഷസമരത്തിലേക്ക്. ഐ.സി.യുവിൽ അതിക്രമത്തിനിരയായി ആറുമാസം ആയിട്ടും തനിക്ക് നീതി ലഭിക്കാതായതോടെയാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അവർ പറഞ്ഞു.. കഴിഞ്ഞ 16-ന് താൻ തിരുവനന്തപുരത്ത് പോയി വീണാ ജോർജിനെ കാണുകയും,പാർട്ടി പ്രവർത്തകനെന്ന് കരുതി പ്രതിക്ക് സംരക്ഷണം നൽകില്ലെന്നും തനിയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. പ്രതി ശശീന്ദ്രൻ സ്ഥിരമായി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത് തടയുക,തന്നെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുത്തതിൽ അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം അതിജീവിത ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. മന്ത്രി ഡി.എം.ഇയെ ചുമതലപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ അന്വേഷണങ്ങളൊന്നും നടന്നില്ലെന്നും അവർ പറയുന്നു.മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ ഉടൻ കുത്തിയിരിപ്പ് സമരം തുടങ്ങാനാണ് തീരുമാനമെന്നും അതിജീവത പറഞ്ഞു. .