ഹർഷിനയുടെ സമരം 101-ാം ദിനത്തിൽ

ഹർഷിനയുടെ സമരം 101-ാം ദിനത്തിൽ

കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച് ഹർഷിന

കോഴിക്കോട്പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടിയുള്ള ഹർഷിനയുടെ സത്യഗ്രഹ സമരം നൂറ് ദിവസം പിന്നിട്ടു. ആരോഗ്യവകുപ്പിൽ നിന്ന് തിരിച്ചടികൾ തിരിച്ചടികൾ നേരിട്ടെങ്കിലും പൊലീസ് അന്വേഷണത്തിലാണ് ഹർഷിനയുടെ പ്രതീക്ഷ. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഹർഷിനയും സമരസമിതിയും.
2022 സെപ്റ്റംബർ 17, കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഹർഷിനയുടെ വയറ്റിൽ നിന്ന് 12 സെൻറിമീറ്റർ നീളമുള്ള ആർട്ടറി ഫോർസെപ്‌സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടത്തിയ മൂന്നാം പ്രസവശസ്ത്രക്രിയ ക്ക ശേഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ കടുത്ത വേദന തുടങ്ങിയത്. എന്നാൽ കത്രിക വയറ്റിൽ നിന്നെടുത്ത് ഒരുവർഷം തികയാറായിട്ടും കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ല. ഹർഷിനയ്ക്ക് അർഹമായ നഷ്ടപരിഹാരവും കിട്ടിയില്ല.
നീതിതേടിയുള്ള നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2023 മെയ് 22ന് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ അനിശ്ചിത കാല സത്യഗ്രഹ സമരം തുടങ്ങിയത്. സമരം നൂറുദിനം പിന്നിടുമ്പോൾ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് ഹർഷിനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്.
2022 ഒക്ടോബറിലും ഡിസംബറിലും ആരോഗ്യവകുപ്പ് നിയോഗിച്ച രണ്ട് വിദഗ്ധ സമിതികളും കുറ്റക്കാരെ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ മെഡിക്കൽ എ.സി.പി കെ സുദർശൻറെ നേതൃത്വത്തിൽ നടത്തിയ പൊലീസ് അന്വേഷണത്തിൽ കത്രിക വയറ്റിൽ കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് കണ്ടെത്തി. പൊലീസ് കണ്ടെത്തൽ പക്ഷെ മെഡിക്കൽ ബോർഡ് തള്ളി. ഒടുവിൽ പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിലാണ് ഹർഷിനയുടെ അവസാന പ്രതീക്ഷ.കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് തന്നെയാണ് തൻറെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് ഹർഷിന ഉറപ്പിച്ചുപറയുന്നു. അതിന് ഹർഷിന പറയുന്ന തെളിവുകൾക്ക് അടിവരയിടുന്നതാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ. കുറ്റക്കാരെ കണ്ടെത്തണം, ശിക്ഷിക്കണം, അർഹമായ നഷ്ടപരിഹാരം കിട്ടണം അതുവരെ പോരാട്ടം തുടരാൻ തന്നെയാണ് ഹർഷിനയുടെ തീരുമാനം..

Share

Leave a Reply

Your email address will not be published. Required fields are marked *