ബാംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിന് സജ്ജമാകുന്നു. ഇന്ത്യയുടെ അഭിമാനമായ പി.എസ്.എൽ.വി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ചന്ദ്രയാൻ-3 വിജയകരമായി തുടരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യനെ പഠിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ദൗത്യം. ഏകദേശം 368 കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിക്കുന്നത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയന്റിന് (ലഗ്രാഞ്ച് പോയന്റ് 1) ചുറ്റുമുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കും. മൂന്നുമുതൽ നാലുമാസംവരെ സമയമെടുത്താകും പേടകം എൽ 1 പോയന്റിൽ എത്തുക. ഇവിടെനിന്ന് ഉപഗ്രഹത്തിന് സൂര്യനെ തടസ്സമില്ലാതെ തുടർച്ചയായി വീക്ഷിക്കാനാകും. ഭൂമിയിൽ നിന്ന് സൂര്യൻ ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ്. ഇതിൽ 15 ലക്ഷം കിലോമീറ്റർ മാത്രമായിരിക്കും ആദിത്യ സഞ്ചരിക്കുന്നത്. പേടകത്തിലെ ഏഴ് പേലോഡുകളിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം എൽ 1 പോയിന്റിലെ ഘടകങ്ങളെക്കുറിച്ചും പഠിക്കും. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലെത്തിക്കുന്ന പേടകത്തെ ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.